രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
വർക്കല: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി തച്ചോട് പൈപ്പിൻമൂടിന് സമീപം 'തണൽ' വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജിഷയെ വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനൊന്ന് ദിവസങ്ങൾക്ക് മുൻപ് ഗുരുവായൂരിൽ വെച്ചായിരുന്നു ജിഷയുടെ രണ്ടാം വിവാഹം നടന്നത്. ഈ ചടങ്ങിൽ ഇവരുടെ വീട്ടുകാർ ആരും പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ജിഷയുടെ ആദ്യ ഭർത്താവ് ശരത് ഒന്നര വർഷം മുൻപ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ആ ബന്ധത്തിൽ അഞ്ചും എട്ടും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം ഭർത്താവ് അജി നടേശനോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും പോലീസ് വ്യക്തമാക്കി.