കേരളത്തിലും തമിഴ്നാട്ടിലുമായി 51-ഓളം മോഷണക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവും കൂട്ടാളിയായ യുവതിയും പോലീസിന്റെ പിടിയിലായി.
തിരുവനന്തപുരം കല്ലിയൂർ നെടിയങ്ങാൽ സിസുനിലയം വീട്ടിൽ ശ്രീകാന്ത് കുമാർ (41), തിരുവനന്തപുരം പേട്ട വള്ളക്കടവ് ആറ്റുവരമ്പിൽ വീട്ടിൽ ലിജിത്തിന്റെ ഭാര്യ സരിത രവി (42) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൂവത്തിളപ്പിലെ രണ്ടു വീടുകളിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 15-നും 30-നുമായി പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂവത്തിളപ്പ് ജിൻസ് എബ്രഹാം, പള്ളിക്കത്തോട് സ്വദേശി ടോമി ഐസക്ക് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സ്ഥിരം കുറ്റവാളിയായ ശ്രീകാന്തിലേക്ക് പോലീസിനെ എത്തിച്ചത്. തിരുവനന്തപുരം ജില്ലയിലും തമിഴ്നാട്ടിലുമായി 51-ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്.
ഒരു ജില്ലയിൽനിന്ന് വാഹനം മോഷ്ടിച്ച്, മറ്റൊരു ജില്ലയിലെത്തി കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. പള്ളിക്കത്തോട്ട് രണ്ടു തവണ മോഷണത്തിനെത്തിയതും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ്. ആളില്ലാത്ത വീടുകളിൽ താമസിച്ച ശേഷം രാത്രിയിൽ ഇവിടെ നിന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
പകൽ സമയങ്ങളിൽ പ്രദേശങ്ങളിൽ കറങ്ങിനടന്ന് കോളിംഗ് ബെല്ലടിച്ച് ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാൾ മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടിലും കിടങ്ങൂരിലും ഇത്തരത്തിൽ മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇയാളിൽനിന്ന് മോഷണമുതലുകൾ വാങ്ങാൻ ആരും തയ്യാറാകാതിരുന്നതിനെത്തുടർന്ന്, ജയിലിൽ തന്റെ കൂട്ടുപ്രതിയായിരുന്ന ലിജിത്തിന്റെ ഭാര്യയെ സ്വർണം വിൽക്കാൻ ഏൽപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് ഇവരെയും കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്.
പള്ളിക്കത്തോട് പൂവത്തിളപ്പിലെ വീട്ടിൽനിന്ന് മോഷ്ടിച്ച 26 പവൻ സ്വർണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, കേസിലെ മറ്റൊരു കൂട്ടുപ്രതിയായ ഷെഫീക്കിനായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ജോബി ജോസഫ്, രഞ്ജിത്ത് സി., ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗം വിമൽ കുമാർ, പള്ളിക്കത്തോട് എസ്.ഐ. ജോബി ജേക്കബ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെമീർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും