കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ' മുന്നണി ദേശീയ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെ നാടകീയ രംഗങ്ങളും പോലീസ് നടപടിയും. കോൺഗ്രസ്, ടി.എം.സി, സി.പി.ഐ (എം), സി.പി.ഐ, ആർ.ജെ.ഡി, ഐ.യു.എം.എൽ എന്നിവരുൾപ്പെടെയുള്ള കക്ഷികളുടെ എം.പിമാർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.

പ്രതിഷേധത്തിനിടെ വനിതാ പോലീസുകാർ തന്നെ തള്ളിയിടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ ജൻപഥിൽ സംഘടിപ്പിച്ച വിരുന്നിനു ശേഷമാണ് പ്രതിപക്ഷ എം.പിമാർ ജന്തർ മന്ദറിലേക്ക് ബസ് മാർഗ്ഗം പ്രതിഷേധവുമായി പുറപ്പെട്ടത്. എന്നാൽ ജന്തർ മന്ദറിന് ഒരു കിലോമീറ്റർ അകലെ അശോക റോഡിൽ വെച്ച് വൻ പോലീസ് സന്നാഹം ഇവരുടെ വാഹനങ്ങൾ തടയുകയായിരുന്നു. ഇതോടെ നേതാക്കൾ റോഡിലിറങ്ങി ഉപരോധം തീർത്തു.
വിൻഡ്‌സർ സർക്കിളിലെ റോഡിൽ കുത്തിയിരുന്ന് ഭരണഘടനാ പുസ്തകം കയ്യിലേന്തിയാണ് പ്രിയങ്ക ഗാന്ധിയും വനിതാ നേതാക്കളും പ്രതിഷേധിച്ചത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയാൻ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്യാനേഷ് കുമാർ നിയമാനുസൃതമായ തിരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്നും 'വോട്ട് ചോർച്ച' വിഷയത്തിൽ രാജ്യത്തോട് തുറന്നു സംസാരിക്കാനാണ് തങ്ങൾ എത്തിയതെന്നും കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി പ്രതികരിച്ചു.