കൊച്ചി: സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ തുടർനടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും, മുഹമ്മദ് റിയാസിനെതിരെ ഹവാലക്കേസും രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള നടപടികൾക്കാണ് ജസ്റ്റിസ് ടി. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എം.എൽ.എയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനാണ് ഇതോടെ സ്റ്റേ ലഭിച്ചിരിക്കുന്നത്.
സമർപ്പിക്കപ്പെട്ട അപ്പീലിൽ നവംബർ 25 മുതൽ കോടതി വിശദമായ വാദം കേൾക്കും. കൂടാതെ, വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും (ഇ.ഡി) വിജിലൻസിനോടും കോടതി നിർദേശിച്ചു.