പൂവാർ : കാഞ്ഞിരംകുളത്ത് മൂന്നുദിവസം മുൻപ് കാണാതായ യുവാവിനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം കല്ലുമുക്ക് അൽഫോൻസാ നഗർ പാലോട്ടുവിള വീട്ടിൽ സെബാസ്റ്റ്യൻ-ശോഭ ദമ്പതികളുടെ മകൻ സനോജ് (20) ആണ് മരിച്ചത്.
കഴിഞ്ഞ ഈ മാസം 23 മുതലാണ് സനോജിനെ കാണാതായത്.
സുഹൃത്തിന്റെ വീട്ടിൽ തങ്ങുമെന്ന് സനോജ് അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. എന്നാൽ പിറ്റേന്ന് സനോജിന്റെ സുഹൃത്ത് അമ്മയെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കാഞ്ഞിരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്നലെ രാവിലെ സനോജിന്റെ സുഹൃത്തുക്കൾ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ വീടിനു പരിസരത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ 23-ന് സനോജ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ വീട്ടിലെത്തുകയും, സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ നാട്ടുകാരുടെ ഇടയിൽ വിവിധ തരത്തിലുള്ള സംശയങ്ങൾ ഉയരുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് കാഞ്ഞിരംകുളം പോലീസ് അറിയിച്ചു