ന്യൂഡൽഹി: ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപം വീണ്ടും സംഘർഷാവസ്ഥ. മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ മർദിച്ച പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ (NSUI) നടത്തിയ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. റോഡ് ഉപരോധിച്ചു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് കസ്റ്റഡിയിലെടുത്ത് നീക്കുന്നത്. അതേസമയം, കസ്റ്റഡിയിലെടുത്ത വനിതാ പ്രവർത്തകരെ ഉടൻ തന്നെ വിട്ടയച്ചു.
പ്രതിഷേധ സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതും പൊലീസ് തടഞ്ഞിട്ടുണ്ട്. രാത്രി പത്തുമണിയോടെ നൂറോളം വരുന്ന എൻ.എസ്.യു.ഐ പ്രവർത്തകർ ഒത്തുചേർന്ന് പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇവരെ പ്രതിരോധിക്കാനായി അഞ്ഞൂറോളം കേന്ദ്രസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടർന്നു കൊണ്ടിരിക്കുകയാണ്.