കൊല്ലം : രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ അടിക്കാനുള്ള സാമഗ്രികളാണ് പിടിച്ചെടുത്തത്.

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അന്വേഷണത്തിനിടയിൽ കൊല്ലത്ത് കോടികളുടെ കള്ളനോട്ട് നിർമ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി.

വാടി കല്ലേലിവയൽ പുരയിടം സ്വദേശി സിബിയോണിനെ ഒക്ടോബർ 16-ന് ആശ്രാമത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

പിന്നീട് സിബിയോൺ തിരിച്ചെത്തിയെങ്കിലും, അദ്ദേഹം നൽകിയ മൊഴികളിലെ ദുരൂഹതയും പോലീസ് നടത്തിയ ഫോൺ രേഖകളുടെ പരിശോധനയുമാണ് കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളിലേക്ക് എത്തിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ സിബിയോണിന്റെ വീട്ടിൽ പോലീസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.

പിടിച്ചെടുത്തത് കോടികളുടെ സാമഗ്രികൾ.
വീട്ടിൽ നടത്തിയ പരിശോധനയിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ അച്ചടിക്കാനായി കട്ട് ചെയ്ത പേപ്പർ കെട്ടുകൾ, ഡിജിറ്റൽ പ്രിന്ററുകൾ, നോട്ടെണ്ണുന്ന യന്ത്രം എന്നിവ പോലീസ് പിടിച്ചെടുത്തു. ഈ സാമഗ്രികൾ ഉപയോഗിച്ച് പൂർണ്ണമായി അച്ചടിച്ചിരുന്നെങ്കിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ കള്ളനോട്ട് നിർമ്മിക്കാമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഇതിനുപുറമേ, നടത്തിയ പരിശോധനകളിൽ 45 പവൻ സ്വർണാഭരണങ്ങളും, 4.32 ലക്ഷം രൂപയുടെ യഥാർത്ഥ നോട്ടുകളും, ആഡംബര വാച്ചുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ആറ്റിങ്ങൽ സ്വദേശിയായ രവി എന്നയാളാണ് കള്ളനോട്ട് അടിക്കാനുള്ള സാമഗ്രികൾ സിബിയോണിന് നൽകിയതെന്നാണ് പ്രാഥമിക വിവരം. ഈ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.