വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനടയിൽ ബി.ജെ പി കോൺഗ്രസ് സംഘർഷം.6പേർക്ക് പരിക്ക് നിരവധി വാഹനങ്ങൾ തകർത്തു.ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിനു എതിർ വശത്തെ കോൺഗ്രസിൻ്റെ കൊടിമരം തകർത്തുവെന്നാരോപിച്ച് ബി.ജെ.പി ഓഫീസ് കോമ്പൗണ്ടിലും പുറത്തും പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോ റിക്ഷകളുടെ ഗ്ലാസും 6 ബൈക്കുകളും കോൺഗ്രസ് പ്രവർത്തകർ തകർത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. 20 ഓളം ബി.ജെ.പി ക്കാർ കോൺഗ്രസ് പ്രവർത്തകനായ എൻ. സൈമണിൻ്റെ വീട്ടിലെത്തി പട്ടിക കഷ്ണം കൊണ്ട് മർദിച്ചു വെന്നും മകൾ അനഘയെ പിടിച്ചു തള്ളിയെന്നും കോൺഗ്രസ് ആരോപിച്ചു. സൈമണിന് കാലിൽ പരിക്കറ്റു.ആക്രമണത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിനു ലാലിന് ഹെൽമറ്റ് കൊണ്ട് അടിയേൽക്കുകയും ചവിട്ടേൽക്കുകയും ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി വിജി ആനന്ദിനും പരിക്കേറ്റു ഇവർ ആശുപത്രി ചികിത്സയിലാണ്. വിശാഖ്, വിഷ്ണു എന്നീ ബി.ജെ.പി പ്രവർത്തകർക്ക് മർദ്ദനമേറ്റു ഇതിൽ വിശാഖിന് തലയിൽ അടിയേറ്റ് മുറിവുണ്ടായി ഇവരും ആശുപത്രി ചികിത്സയിലാണ്. ഇതിനിടെ എത്തിയ വിഴിഞ്ഞം പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. ഇരു പക്ഷത്തും കൂടുതൽ പ്രവർത്തകർ സംഘടിച്ചതോടെ അന്തരീക്ഷം കൂടുതൽ സംഘർഷാവസ്ഥയിലായി. തുടർന്ന് സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെകട്ടറി എസ് സുരേഷിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തുടർന്ന് ഫോർട്ട് എ.സി പ്രദീപ്, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവർ സ്ഥലത്ത് എത്തി ഇതു വിഭാഗം പ്രവർത്തകരുമായി സംസാരിച്ചു. വാഹനം തകർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധം അവസാനിപ്പിച്ചു. വൈകിട്ട് 7.30 ഓടെ ഉണ്ടായ സംഘർഷാവസ്ഥ രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. വിഴിഞ്ഞം സി.ഐ കെ. ഹേമന്ത് കുമാർ, കോവളം സബ് ഇൻസ്പെക്ടർ വി.കെ. ശ്രീകുമാർ എന്നിവരെ കൂടാതെ ബാലരാമപുരം പൊലീസും സ്ഥലത്ത് എത്തിയിരുന്നു