കാക്കാമൂല കായലിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്ക് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കായലിൽ ബൈക്ക് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കായലിൽ ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ബൈക്ക് കരയ്ക്കെടുക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.
തുടർന്ന് ആരെങ്കിലും വെള്ളത്തിൽ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ തിരുവനന്തപുരത്തുനിന്നുള്ള സ്കൂബ ഡൈവിംഗ് സംഘത്തെ എത്തിച്ച് കായലിൽ വിശദമായ തിരച്ചിൽ നടത്തി.
എന്നാൽ മണിക്കൂറുകൾ നീണ്ട പരിശോധനയിലും ആരെയും കണ്ടെത്താനായില്ലെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.
കണ്ടെത്തിയ ബൈക്കിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ ഇത് മോഷണവാഹനം ആകാമെന്നാണ് പ്രാഥമിക നിഗമനം. മോഷണം നടത്തിയ ശേഷം വാഹനം കായലിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
തുടർനടപടികൾക്കായി ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്