നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ആറുവയസ്സുകാരിയായ പെൺകുട്ടിക്ക് അമ്മയുടെ ക്രൂരമർദ്ദനം. ശരീരമാസകലം മർദ്ദനമേറ്റ പാടുകളോടെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കിടെ ഡോക്ടർ ചോദിച്ചപ്പോഴാണ് അമ്മയാണ് തന്നെ മർദ്ദിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്. മൊബൈൽ ഫോൺ എടുത്തതിനാണ് അമ്മ മർദ്ദിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. തടിക്കഷ്ണം കൊണ്ടുള്ള മർദ്ദനത്തിൽ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പാറശ്ശാല പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിയ പോലീസ് കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്മ ശോഭയെ കസ്റ്റഡിയിലെടുത്തു. അമ്മയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.