നെയ്യാറ്റിൻകര: വഴിയിൽ തടസ്സം നിൽക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവ് സഞ്ചരിച്ചിരുന്ന കാർ അക്രമികൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊല്ലയിൽ കൊടവിളാകത്തായിരുന്നു സംഭവം. കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ അസഭ്യം പറയുകയും, ഇത് ചോദ്യം ചെയ്തതോടെ പ്രദീപിനെ ആയുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രദീപിന്റെ കൈ, നെഞ്ച്, വയർ, മുതുക് എന്നിവിടങ്ങളിലായി ആഴത്തിലുള്ളവയടക്കം 12 മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബഹളം കേട്ടെത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദീപിനെ കൊണ്ടുപോയ സമയത്താണ് സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറിന് അക്രമികൾ തീയിട്ടത്. തീപിടുത്തത്തിൽ കാർ പൂർണമായി കത്തിനശിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നും, പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും മാരായമുട്ടം പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.