ബിജെപി ജില്ലാ പ്രസിഡന്റിന് നേരെ കോൺഗ്രസ് ആക്രമണം: പ്രതിഷേധം ശക്തം; ഒരു കോൺഗ്രസ് നേതാവും നിരത്തിലിറങ്ങില്ലെന്ന് യുവമോർച്ച

നെയ്യാറ്റിൻകര: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് നേരേയുണ്ടായ കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധം കത്തുന്നു. മുക്കംപാലമൂട് ബിജുവിനെ വഴയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗുണ്ടായിസം നിലയ്ക്കുനിർത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലേക്ക് ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.

ബിജെപി മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവമോർച്ച പ്രവർത്തകർ പ്രതികരിക്കാൻ ഇറങ്ങിത്തിരിച്ചാൽ ഒരു കോൺഗ്രസ് നേതാവിനും നിരത്തിലിറങ്ങി നടക്കാനാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മനു പ്രസാദ് മുന്നറിയിപ്പ് നൽകി.

പ്രതിഷേധ പരിപാടിയിൽ മുതിർന്ന നേതാക്കളായ ആർ. നടരാജൻ, എസ്.കെ. ജയകുമാർ, എരുത്താവൂർ ചന്ദ്രൻ, പ്രദീപ്, ഷിബു കുമാർ, മഞ്ചന്തല സുരേഷ്, തിരുപുറം മധു, കൂട്ടപ്പന മഹേഷ്, ചൂണ്ടിക്കൽ ഹരി, അരുൺ സരയു, ഗിരീഷ് ചന്ദ്രൻ, ലാൽകൃഷ്ണ എന്നിവർക്കൊപ്പം വിവിധ ജനപ്രതിനിധികളും ഏരിയ, മണ്ഡലം, ജില്ലാ, മോർച്ചാ ഭാരവാഹികളും പങ്കെടുത്തു.