ബെർലിൻ: ജർമൻ നഗരമായ ബോഹുമിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ ദാരുണമായി കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച മൂന്നാമത്തെ ഇന്ത്യക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15-ഓടെയാണ് ഫ്ലാറ്റിൽ തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം എത്തുമ്പോഴേക്കും തീ വലിയ തോതിൽ പടർന്നുപിടിച്ചിരുന്നു. കനത്ത പുകയും തീയും കാരണം ഫ്ലാറ്റിന്റെ മുകളിലെ നിലകളിലേക്ക് കടക്കാൻ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് മുകളിലത്തെ ഫ്ലാറ്റിൽനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
തീപിടുത്തത്തിന് പിന്നിൽ സാങ്കേതിക തകരാറുകളല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിന് തീവെച്ചെന്ന സംശയത്തിൽ ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മരിച്ച നോവ ആറു മാസം മുമ്പാണ് ജർമനിയിലെത്തിയത്. ബി.എഡ് ബിരുദധാരിയായ അഞ്ജലി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ജോലി ആവശ്യങ്ങൾക്കായി ജർമനിയിലേക്ക് പോയത്. ഒരു സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിലായിരുന്നു അഞ്ജലി ജോലി ചെയ്തിരുന്നത്. അശ്വനി എസ്. ജോയ് സഹോദരിയാണ്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K