വാഷിങ്‌ടൺ: 2009-ലെ ഫോർട്ട് ഹുഡ് വെടിവെപ്പ് കേസിലെ പ്രതി നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം (ലൈവ് സ്ട്രീം) ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന പെന്റഗണിന്റെ മുൻ പ്രഖ്യാപനം തിരുത്തിക്കൊണ്ടാണ് ട്രംപിന്റെ പുതിയ തീരുമാനം. നിശ്ചയിച്ചതുപോലെ തന്നെ ഹസന്റെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് വഴി നടപ്പാക്കുമെന്നും, എന്നാൽ ഇത് തത്സമയം കാണിക്കുന്നതിനോട് ജനങ്ങൾക്ക് യോജിപ്പില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഹസനെപ്പോലെയുള്ള ഭീകരവാദികളോടും കീടങ്ങളോടും അമേരിക്ക എങ്ങനെയാണ് ഇടപെടുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ശക്തമായ മുന്നറിയിപ്പായി ഇത് മാറുമായിരുന്നുവെന്നും, എന്നാൽ നല്ലവരായ നിരവധി ആളുകൾ ഒരാൾ സ്ട്രീമിംഗിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വിശദീകരിച്ചു.
യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ പ്രഖ്യാപനത്തിനെതിരെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ ഒരുപോലെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇത്തരം നടപടികൾ ഹസന് രക്തസാക്ഷി പരിവേഷം നൽകുമെന്നും, വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് അമേരിക്കൻ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും വിമർശകർ വ്യക്തമാക്കി. കൂടാതെ, വധശിക്ഷയുടെ ദൃശ്യങ്ങൾ ഭാവിയിൽ ഭീകരസംഘടനകൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രചാരണ ആയുധമാക്കുമെന്ന ആശങ്ക ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും പങ്കുവെച്ചിരുന്നു; ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇടപെടൽ.
2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് ആർമി ബേസിലെ തിരക്കേറിയ മെഡിക്കൽ കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരായുധരായ സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. യു.എസ് സൈന്യത്തിൽനിന്ന് മുസ്ലിങ്ങളെയും അഫ്ഗാനിസ്ഥാനിലെ താലിബാനെയും സംരക്ഷിക്കാനാണ് ഈ ആക്രമണം നടത്തിയതെന്ന് മുൻ മേജറും വിർജീനിയയിൽ നിന്നുള്ള സൈക്യാട്രിസ്റ്റുമായ നിദാൽ ഹസൻ സമ്മതിച്ചിരുന്നു. തുടർന്ന് യു.എസ് ആർമി ഇയാൾക്ക് വധശിക്ഷ വിധിച്ചു. ആക്രമണത്തിനിടെ വെടിയേറ്റ ഹസൻ നിലവിൽ വീൽചെയറിലാണ് കഴിയുന്നത്.
യു.എസ് സൈന്യം അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1961-ലാണ്. ഓസ്ട്രിയയിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരനായ ജോൺ ബെന്നറ്റിനെ തൂക്കിലേറ്റിയായിരുന്നു അത്. എന്നാൽ ഫയറിംഗ് സ്ക്വാഡ് വഴി സൈന്യം അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1945-ലായിരുന്നു. വധശിക്ഷ ഡിസംബർ മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.