മറയൂർ: മറയൂർ, കാന്തല്ലൂർ മലയോര മേഖലകളിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിരുന്ന മഴ ഞായറാഴ്ച രാവിലെ മുതൽ ശക്തിപ്രാപിക്കുകയായിരുന്നു. തിങ്കളാഴ്ചയും മഴയ്ക്ക് കാര്യമായ കുറവുണ്ടായിട്ടില്ല.
മറയൂർ–കാന്തല്ലൂർ പാതയിലുൾപ്പെടെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽസമയത്തുപോലും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. കാഴ്‌ച പരിധി കുറഞ്ഞതോടെ റോഡിലൂടെയുള്ള വാഹനങ്ങൾ ഹെഡ്‌ലൈറ്റുകൾ തെളിച്ചാണ് സഞ്ചരിക്കുന്നത്. ശക്തമായ മഴയും മൂടൽമഞ്ഞും മൂലം മേഖലയിൽ റോഡ് ഗതാഗതം ദുഷ്കരമായിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മേഖലയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി. പൊതുവേ അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വലിയ തോതിൽ സഞ്ചാരികൾ എത്താറുണ്ടെങ്കിലും ഇത്തവണ തിരക്ക് വളരെ കുറവായിരുന്നു. തമിഴ്‌നാട്ടിലും ശക്തമായ മഴ തുടരുന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതായാണ് വിലയിരുത്തൽ. തോട്ടങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.