മലയിൻകീഴ് മേഖലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ ഞായറാഴ്ച രാത്രി മോഷണം. ഇരട്ടക്കലുങ്ക് ദുർഗ്ഗാ ഭഗവതി ക്ഷേത്രം, ആൽത്തറ ഭഗവതി ക്ഷേത്രം, വിളവൂർക്കൽ വാറുവിളാകം ശിവനാഗേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം. ക്ഷേത്ര ഭരണസമിതിക്കാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.

ഇരട്ടക്കലുങ്ക് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്ന് സൗണ്ട് സിസ്റ്റത്തിന്റെ DVD മോഷ്ടിച്ചു, ട്രസ്റ്റ് ഓഫീസിന്റെ ജനൽ വെട്ടുകത്തി കൊണ്ട് തകർത്ത ശേഷം കത്തി അവിടെ ഉപേക്ഷിച്ചു.

ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ വൈദ്യുതി വിച്ഛേദിച്ച് CCTV ഓഫാക്കി, തെക്കേ നടയുടെ സാക്ഷ പൊളിച്ച് അകത്ത് കയറി തിടപ്പള്ളി, കമ്മിറ്റി ഓഫീസ്, സ്റ്റോർ റൂം എന്നിവ തകർത്ത് നേർച്ച രസീത് വരവ്, നടവരവ്, അന്നദാന ഭണ്ഡാരത്തിലെ തുക എന്നിവ കവർന്നു.

ശിവനാഗേശ്വരി ക്ഷേത്രത്തിൽ ബാഗുമായി എത്തിയ മോഷ്ടാക്കളുടെ ദൃശ്യം CCTV യിൽ പതിഞ്ഞു, വാതിലുകളും ക്യാമറയും തകർത്തെങ്കിലും ഒന്നും കൊണ്ടുപോകാനായില്ല.

ഇതിന് പുറമെ പിടാരത്ത് മുരുകേശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് 5000 രൂപയും കവർന്നു.

കാട്ടാക്കട ഡി.വൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിൽ മലയിൻകീഴ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.