കോവളം : വണ്ടിത്തടത്ത് വീട്ടിൽ കുഴഞ്ഞുവീണ ആളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണു മരിച്ചു. രക്ഷിക്കാൻ ശ്രമിച്ചയാളും രക്ഷിക്കാനെത്തിയ ആളും മരണപ്പെട്ടതിന്റെ നടുക്കത്തിലാണ് പ്രദേശം.
വണ്ടിത്തടം കുരിശടിക്ക് സമീപം താമസിക്കുന്ന സുരേഷ് മോൻ L (47), ഇയാളെ സഹായിക്കാനെത്തിയ അയൽവാസിയായ അജികുമാർ (48) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സുരേഷ് മോൻ വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻതന്നെ സഹായത്തിനായി അജികുമാർ ഓടിയെത്തി. സുരേഷ് മോനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെ അജികുമാറും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും രണ്ടുപേരുടെയും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.