കാട്ടാക്കട: കടമായി 30 രൂപയ്ക്ക് പെട്രോൾ ചോദിച്ചിട്ട് നൽകാത്ത പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ യുവാവ് റോഡിൽ തടഞ്ഞുനിർത്തി വെട്ടി.കുറ്റിച്ചൽ - ആര്യനാട് റോഡിലെ പെട്രോൾ പമ്പിലെ ജീവനക്കാരൻ കുറ്റിച്ചൽ ചിറക്കോണം പുത്തൻവീട്ടിൽ അനിൽകുമാറിനെ (60)യാണ് തലയ്ക്കും മുഖത്തും വെട്ടി പരിക്കേൽപ്പിച്ചത്.തലയ്ക്ക് ആഴത്തിൽ മുറിവേറ്റ അനിൽകുമാറിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് 2 മണിക്ക് പമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനിൽകുമാറിനെ യുവാവ് കുറ്റിച്ചൽ ജംഗ്ഷനിൽ തടഞ്ഞു നിർത്തി വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.നാട്ടുകാർ ഓടിക്കൂടി യുവാവിനെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും വെട്ടുകത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബൈക്കിൽ രക്ഷപെടുകയായിരുന്നു. നെയ്യാർഡാം പൊലീസ് പ്രതിക്കായി അന്വഷണം ആരംഭിച്ചു.പമ്പിലെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ യുവാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.ഇത് ശേഖരിച്ചാണ് പൊലീസ് യുവാവിനായി തെരച്ചിൽ നടത്തുന്നത്.