നെടുമങ്ങാട് ടൗണിനെ ഞെട്ടിച്ചുകൊണ്ട് ഇന്ന് വൈകുന്നേരത്തോടെ വൻ തീപിടിത്തം. നഗരമധ്യത്തിലെ പ്രമുഖ വസ്ത്രശാലകളും ജ്വല്ലറിയും മൊബൈൽ ഷോപ്പും അഗ്നിക്കിരയായി. പ്രാഥമിക നിഗമനമനുസരിച്ച് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആളപായമില്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.
വൈകിട്ട് ഏഴുമണിയോടെ അറഫ ബിൽഡിംഗിന്റെ താഴത്തെ നിലയിലാണ് അപകടത്തിന്റെ തുടക്കം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സമീപത്തെ കടകളിലേക്ക് വ്യാപിക്കുകയായിരുന്നു.
കത്തിനശിച്ച സ്ഥാപനങ്ങൾ: റോജ സിൽക്സ് ,കോക്ടെയിൽ ടെക്സ്റ്റൈൽസ് ,കുമാർ ജ്വല്ലറി , JVB മൊബൈൽസ് ഷോപ്പ്
കടകളിൽ ഉപഭോക്താക്കളുടെ നല്ല തിരക്കുള്ള സമയത്തായിരുന്നു അപകടം. കെട്ടിടത്തിൽ നിന്ന് പുകയുയരുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് ഓടിക്കയറി ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നാട്ടുകാരുടെ സമയരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 8 ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്