ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് വിട്ടയച്ചു. കിങ്‌സ് വേ ക്യാമ്പിൽ രണ്ട് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. കസ്റ്റഡി കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ ഗാന്ധി ഭരണഘടനാ പുസ്തകം ഉയർത്തിക്കാട്ടിയാണ് മടങ്ങിയത്.
രാവിലെ ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞതോടെ വൻ സംഘർഷത്തിലും പ്രതിഷേധത്തിലുമാണ് കലാശിച്ചത്. തുടർന്ന് ആകാശവാണി ഭവന് മുന്നിലെ ആൽമരച്ചുവട്ടിൽ കുത്തിയിരുന്ന് ഒമ്പത് മണിക്കൂറോളമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്.
നാടകീയ രംഗങ്ങൾക്കൊടുവിൽ രാത്രി 7:45-ഓടെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രവർത്തകരെയും എം.പിമാരെയും നീക്കിയ ശേഷം നേതാക്കളെ വളഞ്ഞ പോലീസ്, മാധ്യമപ്രവർത്തകരെ അടക്കം സ്ഥലത്തുനിന്ന് മാറ്റിയ ശേഷമാണ് ഇവരെ വാഹനത്തിലേക്ക് കയറ്റിയത്. ഇവരോടൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന മുഴുവൻ നേതാക്കളെയും പിന്നീട് വിട്ടയച്ചിട്ടുണ്ട്.