തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വ്യാപക മിന്നൽ പരിശോധനകളിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊച്ചി, കോഴിക്കോട് ഇ.ഡി യൂണിറ്റുകളുടെ നേതൃത്വത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായിരുന്നു പരിശോധനകൾ കേന്ദ്രീകരിച്ചത്. തൃശൂരിൽ അഞ്ചിടത്തും കോഴിക്കോട് ഏഴിടത്തുമാണ് അന്വേഷണ സംഘം പ്രധാനമായും റെയ്ഡ് നടത്തിയത്.
അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ വ്യാജ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും മൊബൈൽ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ഇതിനുപുറമെ, 1.82 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന രണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇ.ഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മറ്റു സഹകരണ ബാങ്കുകളിലും കർശന നടപടികളാണ് ഇ.ഡി സ്വീകരിച്ചിരിക്കുന്നത്. തെന്നല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെ 20 ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു. കുട്ടനെല്ലൂർ ബാങ്കുമായി ബന്ധപ്പെട്ട പി.എം.എൽ.എ (PMLA) കേസിൽ, പ്രതികൾക്ക് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും അന്വേഷണം ശക്തമായി തുടരുമെന്നാണ് സൂചന.