കാട്ടാക്കട ജ്വല്ലറിയിൽ നിന്ന് മോതിരം മോഷ്ടിക്കാൻ ശ്രമം; പ്രതി പിടിയിൽ*

കാട്ടാക്കടയിലെ ജ്വല്ലറിയിൽ നിന്ന് മോതിരം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ കടയുടമയുടെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി പോലീസിന് കൈമാറി.

മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ പ്രതി നിരവധി മോതിരങ്ങൾ നോക്കിയ ശേഷം, പണം കൈവശമില്ലെന്നും പിന്നീട് വന്ന് വാങ്ങാമെന്നും പറഞ്ഞ് കടയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ മൊബൈൽ ഫോണിനടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ട് മോതിരങ്ങൾ കണ്ടെത്തി.

മോഷണം പിടിക്കപ്പെട്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടയുടമയും സമീപത്തെ കടക്കാരും ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

വിവരമറിഞ്ഞെത്തിയ കാട്ടാക്കട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കരമന തളിയൽ കാഞ്ഞിരംവിളാകം വീട്ടിൽ ബിജു കുമാർ (56) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഇതിനുമുമ്പും ഇതേ ജ്വല്ലറിയിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. പിടിയിലായ പ്രതിക്ക് മുൻ മോഷണങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്