സിലിക്കൺ വാലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ വളർച്ച ആഗോള തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതിനിടെ, ജീവനക്കാരുടെ എണ്ണത്തിൽ നിർണായക ക്രമീകരണവുമായി പ്രമുഖ ഐ.ടി കമ്പനിയായ മൈക്രോസോഫ്റ്റ്. കമ്പനിയിലെ ആകെ ജീവനക്കാരുടെ കാൽഭാഗത്തോളം വരുന്ന ഏകദേശം 60,000 പേർക്കായി മൈക്രോസോഫ്റ്റ് സ്വയം വിരമിക്കൽ പാക്കേജ് (വി.ആർ.എസ്) അവതരിപ്പിച്ചു. എ.ഐ മേഖലയിലെ വൻതോതിലുള്ള നിക്ഷേപങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ഫണ്ട് കണ്ടെത്താനും ഒപ്പം കമ്പനിയുടെ ദൈനംദിന പ്രവർത്തനച്ചെലവുകൾ കുറയ്ക്കാനുമാണ് ഈ നടപടി. ഇത് നിർബന്ധിത പിരിച്ചുവിടലല്ലെന്നും, താൽപ്പര്യമുള്ള ജീവനക്കാർക്ക് സ്വമേധയാ തിരഞ്ഞെടുക്കാവുന്ന വിടുതൽ പദ്ധതിയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക, കാനഡ, യു.കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ യോഗ്യരായ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. വിൻഡോസ്, എക്സ്ബോക്സ്, കോപൈലറ്റ്, ഫിനാൻസ് തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം, സെയിൽസ്, മാർക്കറ്റിംഗ്, ഡാറ്റാ സെന്ററുകൾ എന്നീ നിർണായക വിഭാഗങ്ങളെ ഇതിൽനിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
പദ്ധതി തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് മികച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജീവനക്കാരുടെ പ്രവർത്തന കാലയളവും ആന്തരിക പദവികളും (ഇന്റേണൽ ലെവൽ) കണക്കിലെടുത്താണ് വിടുതൽ തുക നിർണയിക്കുന്നത്. ലെവൽ 64-ന് താഴെയുള്ളവർക്ക് ഓരോ ആറുമാസത്തെ സേവനത്തിനും ഒരാഴ്ചത്തെ അടിസ്ഥാന ശമ്പളവും, ലെവൽ 65 മുതൽ 67 വരെയുള്ള ഉദ്യോഗസ്ഥർക്ക് ഓരോ ആറുമാസത്തെ സേവനത്തിനും രണ്ടാഴ്ചത്തെ അടിസ്ഥാന ശമ്പളവും ലഭിക്കും. ഇതിനുപുറമെ, നിബന്ധനകൾക്ക് വിധേയമായി ആറുമാസം മുതൽ ഒരു വർഷം വരെ സ്റ്റോക്ക് വെസ്റ്റിംഗ് ആനുകൂല്യങ്ങളും ലഭ്യമാക്കും. വിരമിച്ച ശേഷവും നിശ്ചിത കാലയളവിലേക്ക് ജീവനക്കാർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള കരിയർ ട്രാൻസിഷൻ പിന്തുണയും പാക്കേജിൽ ഉൾപ്പെടുന്നു. ഈ പദ്ധതി സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് ഡിസംബർ ആദ്യവാരം വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും, ഡിസംബർ 31-നകം നടപടികൾ പൂർത്തിയാക്കി വിടുതൽ നൽകുമെന്നുമാണ് റിപ്പോർട്ട്.
എ.ഐയുടെ അതിവേഗ വളർച്ചയും ഓട്ടോമേറ്റഡ് വർക്ക്ഫ്ലോകളുടെ വ്യാപനവും പരമ്പരാഗത സോഫ്റ്റ്‌വെയർ വികസന രീതികളെ വലിയ തോതിൽ മാറ്റിമറിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ എ.ഐ അധിഷ്ഠിത പുനഃക്രമീകരണം സൂചിപ്പിക്കുന്നത് പരമ്പരാഗത സാങ്കേതിക വൈദഗ്ധ്യങ്ങൾ മാത്രം ഇനി തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കില്ലെന്നാണ്. കോഡിങ് പോലുള്ള ആവർത്തന ജോലികൾ എ.ഐ ടൂളുകൾ ഏറ്റെടുക്കുന്നതോടെ, മുൻഗണന എ.ഐ, ഡാറ്റാ സെന്ററുകൾ എന്നിവയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. വരുംകാലങ്ങളിൽ ഐ.ടി മേഖലയിൽ വൻതോതിലുള്ള നിയമനങ്ങൾക്കു പകരം ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ മാത്രം നിലനിർത്തുന്ന രീതി ടെക് കമ്പനികൾ സ്വീകരിക്കുമെന്നതിനാൽ, കാലാനുസൃതമായി പുതിയ സാങ്കേതിക അറിവുകൾ നേടി സ്വയം നവീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ മാറ്റങ്ങൾ ഓർമ്മിപ്പിക്കുന്നത്.