തിരുവമ്പാടി (കോഴിക്കോട്): ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. തോട്ടത്തിൽകടവിലെ ഇറച്ചിക്കടയിലെ തൊഴിലാളിയും പുല്ലൂരാംപാറ പെരുമ്പള്ളി സ്വദേശിയുമായ ചാലക്കൽ സുബൈർ (51) ആണ് അപകടത്തിൽ മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ, രോഗി, നഴ്സ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
തിരുവമ്പാടി–ഓമശ്ശേരി പാതയിൽ തോട്ടത്തിൽകടവിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ ഒരു ആശുപത്രിയിൽ നിന്ന് രോഗിയെ ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി ആംബുലൻസ് വെട്ടിച്ചപ്പോൾ എതിരെ വന്ന സുബൈറിന്റെ സ്കൂട്ടറിലേക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
തീവ്രമായ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും, ഗുരുതരമായി പരിക്കേറ്റ സുബൈർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.