കന്യാകുമാരി : പ്രണയാഭ്യർഥനയുമായി ശല്യം ചെയ്ത യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു.

തുടർന്ന് യുവതിയുടെ മരണത്തിന് കാരണക്കാരനായ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി.

കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെൽവത്തിന്റെ മകൾ ഏയ്ഞ്ചൽ (26) ആണ് ജീവനൊടുക്കിയത്.

സംഭവത്തെ തുടർന്ന് കൊട്ടാരം പെരുവിള സ്വദേശിയായ ആന്റണിരാജ് (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏയ്ഞ്ചലിന്റെ ബന്ധുക്കളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രവിശെൽവൻ (56), യേശുനേശ ശെൽവൻ (58), സഹോദരന്മാരായ ബെവിൻ (26), ബെനിസ് (25), വിനിസ് (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

മാസങ്ങളായി ആന്റണിരാജ് ഏയ്ഞ്ചലിനെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നതിനെത്തുടർന്ന് കഴിഞ്ഞ മാസം പോലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി പോലീസ് ആന്റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും ശല്യം ചെയ്യുന്നത് തുടർന്നു.

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഏയ്ഞ്ചൽ, ഞായറാഴ്ച ഉച്ചയോടെ മുറിക്കുള്ളിൽ ഉറങ്ങാൻ പോയ ശേഷമാണ് ജീവനൊടുക്കിയത്.

യുവതിയുടെ മരണവിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ആന്റണിരാജും വീടിനുമുന്നിലെത്തി. മരണത്തിന് കാരണക്കാരനായ യുവാവിനെ കണ്ടതോടെ ബന്ധുക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടെ കല്ലുകൊണ്ട് അടിച്ചതാണ് ആന്റണിരാജിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.