തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായ (42) ആണ് കോവളം പോലീസിന്റെ പിടിയിലായത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. സ്പാകളിൽനിന്നുള്ള വരുമാനം ഇരുവരും വീതിച്ചെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ കുട്ടിയുടെ ചിറ്റമ്മയും ഭർത്താവും ഉൾപ്പെടെ അഞ്ചുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയെ ഇവിടെ എത്തിച്ചതിൽ മായയ്ക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. മായയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പീഡനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സ്പായിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി സഹപ്രവർത്തകനായ യുവാവിനൊപ്പം പോയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവം പുറത്തായതോടെ കേരളത്തിൽനിന്ന് കടന്നുകളഞ്ഞ കുട്ടിയുടെ ചിറ്റമ്മയെയും ഭർത്താവിനെയും ആന്ധ്രാപ്രദേശിൽനിന്നാണ് പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയടക്കം അറസ്റ്റ് ചെയ്തിട്ടുള്ള എല്ലാ പ്രതികളും നിലവിൽ റിമാൻഡിലാണ്.