പാറശ്ശാല: പാറശ്ശാല, ചെങ്കൽ, മര്യാപുരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ടുപേരെ എംഡിഎംഎയുമായി പാറശ്ശാല പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. മര്യാപുരം സ്വദേശി ജിഷ്ണു (26), ഇയാളുടെ സുഹൃത്തും കാരക്കോണം നിലമാമൂട് സ്വദേശിയുമായ അലൻ ജപാ (27) എന്നിവരാണ് പിടിയിലായത്.

ജിഷ്ണുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 8 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
അലൻ ജപയാണ് വില്പനയ്ക്കുള്ള എംഡിഎംഎ എത്തിച്ചു നൽകിയതെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മര്യാപുരത്തും സമീപപ്രദേശങ്ങളിലും ജിഷ്ണു ലഹരിമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശ്ശാല എസ്.ഐ. ഹർഷനും സംഘവും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വീട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന എംഡിഎംഎ പ്രതികൾ തന്നെ പോലീസിന് എടുത്തു നൽകുകയായിരുന്നു.

നെയ്യാറ്റിൻകര, വെള്ളറട, പാറശ്ശാല, കാരക്കോണം, പെരുമ്പഴുതൂർ, മര്യാപുരം, ധനുവച്ചപുരം എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവില്പന നടക്കുന്നുണ്ടെന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പോലീസിന്റെ വലയിലായത്