കാട്ടാക്കട : പനയംകോട് വാർഡിൽ ശക്തമായ മഴയിൽ വീടിന് മുകളിൽ നിന്ന് കൂറ്റൻ പാറ ഇടിഞ്ഞുവീണ് അപകടം.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പെയ്ത കനത്ത മഴയിലാണ് സംഭവം.

കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിനോട് ചേർന്നുള്ള കിണറിലേക്കാണ് മുകൾഭാഗത്തുനിന്ന് കൂറ്റൻ പാറ പതിച്ചത്.
ശക്തമായ ശബ്ദത്തോടെ പാറ പതിച്ചതിനെത്തുടർന്ന് കിണർ പൂർണമായും തകർന്നുപോയി. അപകടസമയത്ത് കിണറിന് സമീപം ആരും ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. പാറ അല്പം കൂടി മുന്നോട്ട് ഉരുണ്ടിരുന്നെങ്കിൽ വീട് തന്നെ തകർന്നുപോകുമായിരുന്നു.

ബിനുവും അച്ഛനും കിടപ്പുരോഗിയായ അമ്മയുമാണ് സംഭവസമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നത്.

ബിനുവിന്റെ വീടിന് തൊട്ടുമുകളിലാണ് സഹോദരി റീനയുടെ വീട് സ്ഥിതി ചെയ്യുന്നത്. പാറ ഇടിഞ്ഞുവീണതോടെ ഇവർ സഞ്ചരിച്ചിരുന്ന നടവഴിയും പൂർണമായി തകർന്നു. ഇരു കുടുംബങ്ങളും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഏക കിണറാണ് ഇതോടെ ഉപയോഗശൂന്യമായത്.

സംഭവമറിഞ്ഞ് വാർഡ് മെമ്പർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

അതേസമയം, പ്രദേശത്ത് അപകടഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല. തകർന്നുവീണ സ്ഥലത്തിന് തൊട്ടുമുകളിലായി മറ്റൊരു വലിയ പാറ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന അപകടാവസ്ഥയിൽ നിൽക്കുകയാണ്. ഇതിന്റെ ഭയത്തോടെയാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.