തിരുവല്ല: പുളിക്കീഴിൽ മൂന്ന് വർഷം മുമ്പ് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് തന്റെ ആൺസുഹൃത്തായ ശിവൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ മഞ്ജു പോലീസിന് മൊഴി നൽകി. സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതി ശിവനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
​2023 ഓഗസ്റ്റിലാണ് പുളിക്കീഴിലെ ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അന്ന് കണ്ടെത്തുമ്പോൾ തന്നെ മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നു.
​നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മ നിലവിൽ തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനെത്തിയ എസ്.സി പ്രൊമോട്ടർ നടത്തിയ ഇടപെടലിലൂടെയാണ് കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും, കൊലപാതകമാണെന്നുമുള്ള വിവരം പുറത്തുവന്നത്. ഇവർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം കുട്ടിയുടെ അമ്മയായ മഞ്ജുവിനെ പോലീസ് പിടികൂടുകയായിരുന്നു.