ബെർലിൻ: ജർമനിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് മനുഷ്യരൂപത്തിലുള്ള (ഹ്യൂമനോയിഡ്) റോബോട്ട് 17 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട്ട് ശരീരത്തിന്റെ പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് റോബോട്ടിന്റെ ഉടമയായ 17-കാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക് സ്യൂട്ട് പാന്റും വ്യാജ സ്വർണമാലയും ഒപ്പം ഒരു വിഗ്ഗും ധരിപ്പിച്ചിരുന്ന ആൻഡ്രോയിഡ് റോബോട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏകദേശം 1.2 മീറ്റർ ഉയരമുള്ള, ചൈനീസ് നിർമിത 'യൂണിട്രീ ആർ1 എയർ' (Unitree R1 Air) എന്ന റോബോട്ടാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെയോ അല്ലെങ്കിൽ റിമോട്ട് കൺട്രോൾ വഴിയോ ഇതിനെ നിയന്ത്രിക്കാൻ സാധിക്കും. സംഭവം നടക്കുമ്പോൾ ആരെങ്കിലും റിമോട്ട് ഉപയോഗിച്ച് റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. റോബോട്ടുകൾക്ക് കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യകൾ കൊലപാതകങ്ങൾക്ക് വരെ ഉപയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്.