വെട്ടൂർ: വർക്കല വെട്ടൂർ തീരമേഖലയിലും വർക്കല നഗരസഭാ അതിർത്തി പ്രദേശങ്ങളിലും വറ്റമത്സ്യം കഴിച്ചതിനെത്തുടർന്ന് പ്രദേശവാസികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ, പരിശോധനാഫലം ലഭിച്ച ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 17 വയസ്സുകാരനടക്കമുള്ള രണ്ടുപേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആകെ 25 പേരാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ നില അല്പം ഗുരുതരമായിരുന്ന രണ്ടുപേരെയാണ് തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വ്യാഴാഴ്ച മുതലാണ് മേഖലയിൽ മത്സ്യം കഴിച്ചവരിൽ പലർക്കും അസ്വസ്ഥതകൾ കണ്ടുതുടങ്ങിയതും ആശുപത്രികളിൽ പ്രവേശിപ്പിച്ചതും.
വറ്റമീൻ കഴിച്ചതാണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് നിലവിൽ ഉറപ്പിക്കാനായിട്ടില്ലെന്നാണ് ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നത്. മീനിന്റെ തല, കുടൽ, മുട്ട തുടങ്ങിയ ആന്തരിക ഭാഗങ്ങൾ ഭക്ഷിച്ചതുവഴി അലർജിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടായതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതും വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
വിവരമറിഞ്ഞയുടൻ വ്യാഴാഴ്ച രാത്രി തന്നെ വെട്ടൂരിലെ മത്സ്യവിപണികളിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. പോലീസിന്റെ സഹകരണത്തോടെ വലിയ വറ്റമീനുകളുടെ വിൽപ്പന തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചു.