ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പിന്തുണ പ്രഖ്യാപിച്ചു. 'രാജ്യമാണ് എല്ലാത്തിനും മുകളിൽ' എന്ന് വ്യക്തമാക്കിക്കൊണ്ട് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ തങ്ങളുടെ യുവജന വിഭാഗത്തിന്റെ ഔദ്യോഗിക കുറിപ്പ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കുകയായിരുന്നു. അതേസമയം, അഭിജിത്ത് ദീപ്കെയോ പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളോ റാലിയുടെ വേദിയിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ജനങ്ങൾക്ക് തങ്ങളുടെ സർക്കാരിനെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ജനാധിപത്യത്തിന്റെ കാതലെന്നും, മറിച്ച് ഭരണകൂടം തങ്ങൾക്കാവശ്യമുള്ള വോട്ടർമാരെ നിശ്ചയിക്കുകയല്ല വേണ്ടതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ജനാധിപത്യ മൂല്യങ്ങളെ തകർത്തുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും സി.ജെ.പി ആരോപിച്ചു. ഈ സാഹചര്യത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാർട്ടി വ്യക്തമാക്കി. തങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തുടരുമെങ്കിലും സമാന ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നതിനാൽ ഇന്ത്യാ മുന്നണിയെ എതിർക്കില്ലെന്നും ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും ഒരേ ലക്ഷ്യത്തിലേക്കുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു.
നവംബർ ഒന്നിന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രാംലീല മൈതാനിയിൽ റാലി സംഘടിപ്പിക്കുന്നതിന് കർശന ഉപാധികളോടെ ഡൽഹി പോലീസ് അനുമതി നൽകിയിട്ടുണ്ട്. റാലിയുടെ മുന്നോടിയായി ഒക്ടോബർ 30 മുതൽ നവംബർ ഒന്നു വരെ ഡൽഹിയിൽ തങ്ങാൻ കോൺഗ്രസ് എം.പിമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകി.
അതേസമയം, റാലി നടത്തുന്ന തീയതിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. 1984-ലെ സിഖ് വിരുദ്ധ കലാപബാധിതരെ അപമാനിക്കാനാണ് രാഹുൽ ഗാന്ധി ബോധപൂർവം നവംബർ ഒന്ന് എന്ന ദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് ആരോപിച്ചു. എന്നാൽ, റാലിക്ക് വലിയ തോതിലുള്ള പ്രചാരണം നൽകിയതിന് ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.