ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ അനു സാജു, ഇവരുടെ മകൻ സവിൻ സാജു എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാജുവും ഭാര്യ അനുവും ചേർന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയെക്കുറിച്ചും പണം തിരികെ നൽകാനുള്ള വ്യക്തികളുടെ വിവരങ്ങളുമാണ് കുറിപ്പിലുള്ളത്. കടബാധ്യത താങ്ങാനാകാതെയാണ് ഈ കടുംകൈ ചെയ്യുന്നതെന്നും, സഹോദരൻ പണം നൽകി ബാധ്യതകൾ തീർക്കണമെന്നും കുറിപ്പിൽ അപേക്ഷിക്കുന്നുണ്ട്.
മുൻപ് പലചരക്കുകട നടത്തിയിരുന്ന ഇവർ, നിലവിൽ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തിവരികയായിരുന്നു. മകൻ സവിന് ഓൺലൈൻ റമ്മി കളിയിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടമാണോ കുടുംബത്തെ പ്രതിസന്ധിയിലാക്കിയത് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിം വഴി ഇയാൾക്ക് കടബാധ്യതകൾ ഉണ്ടായിരുന്നോ, അത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ഏതുരീതിയിൽ ബാധിച്ചു തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ദമ്പതികൾ എഴുതിവെച്ച കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. കടബാധ്യതയുടെ യഥാർത്ഥ ഉറവിടം, പണമിടപാടുകൾ, കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണത്തിൽ പൂർണമായ വ്യക്തത വരൂ എന്ന് പോലീസ് വ്യക്തമാക്കി.