കാട്ടാക്കട: കുറ്റിച്ചൽ–ആര്യനാട് റോഡിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽകുമാർ (52) ആണ് ആക്രമണത്തിനിരയായത്. പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ മൂന്ന് പേരുമായി പെട്രോൾ അടിച്ച തുകയെച്ചൊല്ലി തർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം പറയുകയും ചെയ്തതായാണ് വിവരം.

ഷിഫ്റ്റ് കഴിഞ്ഞ് ജോലിസ്ഥലത്തുനിന്ന് മടങ്ങിയ അനിൽകുമാറിനെ കുറ്റിച്ചൽ ജംഗ്ഷനിൽ വെച്ച് KL 23 A 6957 നമ്പർ ബൈക്കിലെത്തിയ മൂന്നുപേർ ആക്രമിക്കുകയായിരുന്നു. മർദനത്തിന് പിന്നാലെ സംഘത്തിലൊരാൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയതായും പരാതിയുണ്ട്. തലയിൽ പരിക്കേറ്റ അനിൽകുമാറിനെ ആദ്യം ആര്യനാട് ആശുപത്രിയിലും തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റിച്ചൽ കുഴിയൻകോണം റസാഖ് മൻസിലിൽ നൗഷാദിന്റെ മകൻ അബ്ദുൽ റസാഖ് (21), കോട്ടൂർ കൊട്ടാരത്തുനട വിശ്വകർമ ഭവനിൽ വിനീഷ് കുമാറിന്റെ മകൻ ആകാശ് എന്ന വിച്ചു (21), കുറ്റിച്ചൽ വലിയവിള ലക്ഷംവീട്ടിൽ സുരേഷിന്റെ മകൻ അനീഷ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു