വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഐ. പി. ബ്ലോക്ക്‌ മന്ദിരം ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതോടെ സ്ഥാപനത്തെ ജില്ലാ ആശുപത്രിയായി ഉയർത്തുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു.

വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുതിയ ഐ.പി. മന്ദിരവും ഒ.പി. ലാബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ആവശ്യമായി വരുമെന്നും, ഇക്കാര്യത്തിൽ അതത് എം.എൽ.എ.മാരും ആരോഗ്യവകുപ്പുമായി യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ പ്രചരിക്കുന്ന തരത്തിലുള്ള മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്ന് കമ്പനികളാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ കുറവുള്ള ചുരുക്കം ചില മരുന്നുകൾ ഉടൻ ലഭ്യമാക്കും. ഡ്രഗ് കൺട്രോളർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ മരുന്നുകൾ വിതരണം ചെയ്യുകയുള്ളൂ എന്നും, ഗുണനിലവാരമില്ലാത്ത കമ്പനികളുടെ മരുന്നുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ. അഡ്വ. എം. വിൻസെന്റ് സ്വാഗതമാശംസിച്ചു.