കൊച്ചി: കളമശ്ശേരിയിൽ മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. കേസിലെ രണ്ടാം പ്രതി വയനാട് സ്വദേശിനി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഞ്ജു എന്നിവരെയാണ് ഇന്ന് രാവിലെ വയനാട്ടിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്പായിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ കളമശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബിയറും ലഹരി കലർത്തിയ ഐസ്ക്രീമും നൽകി ബോധം കെടുത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മുവാണെന്ന് ഇരയായ യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

കേസിലെ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീരാജും ജിത്തും അമ്മുവും ചേർന്നാണ് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.