വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 105 ഗ്രാം MDMA യുമായി രണ്ടുപേരെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി.
ചുള്ളിമാനൂർ വഞ്ഞുവം സ്വദേശി അരവിന്ദ്. എസ് (29), കല്ലമ്പലം തോട്ടക്കാട് സ്വദേശി ആകാശ്. എൽ (30) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയ്ക്ക് സമീപത്തു നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ബാംഗ്ലൂരിൽ നിന്നും വാങ്ങിയ ലഹരിമരുന്ന് തിരുവനന്തപുരത്തെത്തിച്ച ശേഷം സ്കൂട്ടറിൽ ചുള്ളിമാനൂരിലേക്ക് പോകും വഴിയാണ് ഇവർ വലയിലായത്.
പ്രതികളെക്കുറിച്ച് മുൻപും നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. കൃത്യമായ നിരീക്ഷണത്തിനൊടുവിൽ ഇത്തവണ വൻതോതിലുള്ള MDMA ശേഖരവുമായിത്തന്നെ സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഹരി കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ നഗരമധ്യത്തിൽ നിന്ന് നാർക്കോട്ടിക് സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസാണിത്.