ബാലരാമപുരവും വാണിജ്യവ്യവസായ ഹബ്ബായിമാറും - മന്ത്രി കുഞ്ഞാലിക്കുട്ടി
ബാലരാമപുരം: വിഴിഞ്ഞം രാജ്യാന്തരതുറമുഖ വികസനത്തിലൂടെ കൈത്തറിനാട്ടിൽ വാണിജ്യപുരോഗതി കൈവരിക്കുമെന്നും നാട്ടുകാർക്ക് ഗുണകരമാവുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ നൂറ്ദിന കർമ്മപദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ കേരള സ്റ്റേറ്റ് ഇൻഡ്സ്ട്രിയൽ എന്റെർപ്രൈസസ് ലിമിറ്റഡ് ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള പ്രഥമ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറ്റിറക്ക് ഉത്പന്നങ്ങൾക്ക് കസ്റ്റംസ് ക്ലീയറൻസ് ലഭ്യമാക്കുന്ന ഫ്രൈറ്റ് സ്റ്റേഷനാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദുബായ് തുറമുഖം ഏത് രീതിയിലാണോ വികസനം കൈവരിച്ചത് അതേ മാതൃകയിൽ വിഴിഞ്ഞം തുറമുഖവും രാജ്യപുരോഗതി കൈവരിക്കുമെന്നും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടെ നാട് വികസനപാതയിലേക്ക് ചുവട് വയ്ക്കുമെന്നും മന്ത്രി പറഞ്ഞു . വരാൻ പോകുന്ന വിവിധ വ്യവസായ വാണിജ്യ സംരംഭങ്ങൾ ബാലരാമപുരത്തിന്റെ മുഖച്ഛായമാറ്റും. കയറ്റിറക്ക് സാധനങ്ങൾക്ക് കസ്റ്റംസ് ക്ലീയറൻസ് ലഭിച്ച് കൂടുതൽ ലൊജിസ്റ്റിക്ക് ഹബ്ബുകൾ വരുന്നതോടെ വ്യവസായം കൂടുതൽ അഭിവൃദ്ധിപ്രാപിക്കും. കോവളം എം.എൽ.എ എം.വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.കെ.എം അനിൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. കസ്റ്റംസ് കമ്മീഷണർ ഡോ. റ്റി.ടിജു, ജില്ലാ പഞ്ചായത്തംഗം അഞ്ജിത വിനോദ് കോട്ടുകാൽ, നേമം ബ്ലോക്ക് മെമ്പർ സി.ആർ സുനു, വാർഡ് മെമ്പർമാരായ പ്രസന്നകുമാരി, അർഷാദ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ.കെ, ട്രിവാൻഡ്രം സ്പിന്നിംഗ്മിൽസ് മാനേജിംഗ് ഡയറക്ടർ കൃപകുമാർ.കെ.എസ്, കേരള ഓട്ടോമൊബൈൽസ് മാനേജിംഗ് ഡയറക്ടർ വി.എസ് രാജീവ്, കെ.പി.സി.സി മെമ്പർ വിൻസെന്റ് ഡി പോൾ, മുസ്ലീം ലീഗ് നേതാവ് ഹുമയൂൺ കബീർ, ജോണി ചെക്കിട്ട എന്നിവർ സംസാരിച്ചു. കെ.എസ്.ഐ.ഇ ജനറൽ മാനേജർ ജോസ് മോൻ നന്ദി പറഞ്ഞു.