നെയ്യാറ്റിൻകര: പ്രസവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ ലഹരിസംഘം തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിന് ശേഷം യുവാവ് സഞ്ചരിച്ച കാർ അടിച്ച് തകർക്കുകയും പെട്രോളൊഴിച്ച് തീയിടുകയും ചെയ്തു.

നെയ്യാറ്റിൻകര നടൂർക്കൊല്ല കളത്തറയ്ക്കൽ പ്രദീപിനാണ് (38) വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രി ആളൊഴിഞ്ഞ പ്രദേശത്തുവെച്ചായിരുന്നു സംഭവം

സുഹൃത്തിന്റെ ഹ്യുണ്ടായി കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രദീപിനെ വഴിതടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടാനുള്ള ശ്രമം കൈകൊണ്ട് തടഞ്ഞതിനാലാണ് പ്രദീപ് ജീവനോടെ രക്ഷപ്പെട്ടത്. വെട്ടേറ്റ് കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് നെഞ്ചിലും പുറത്തും വെട്ടിപ്പരിക്കേൽപ്പിക്കുകയും മാരകമായി മർദിക്കുകയും ചെയ്തു.

അക്രമത്തിൽനിന്ന് കുതറിയോടിയ പ്രദീപ് മാരായമുട്ടം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദീപിന്റെ കൈകളിൽ നിരവധി തുന്നലുകളുണ്ട്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ കാർ തകർത്ത നിലയിലായിരുന്നു. പോലീസ് മടങ്ങിയതിന് പിന്നാലെ അക്രമികൾ വീണ്ടുമെത്തി കാറിന് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തേതൂർ കുളത്തിന് സമീപം സ്ഥിരമായി തമ്പടിക്കുന്ന ലഹരി-മദ്യപാന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ ലഹരിമാഫിയക്കെതിരെ പലതവണ പോലീസിൽ പരാതി നൽകിയിട്ടും ശാശ്വതമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന ലഹരിസംഘത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.