തിരുവനന്തപുരം: ഇസ്രായേലിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. ആവലാതിക്കാരന് ഇസ്രായേലിൽ ഉയർന്ന ശമ്പളത്തോടുകൂടിയ ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്.

ഇസ്രായേലിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുണ്ടെന്നും മാസശമ്പളമായി 1,75,000 രൂപ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്. വിസ പ്രോസസിംഗിനും മറ്റുമായി 8,50,000 രൂപ ചെലവരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പണം ഈടാക്കുകയായിരുന്നു.

ആദ്യ ഗഡു: 2025 ജൂൺ 13-ാം തീയതി ഗൂഗിൾ പേ വഴി 30,000 രൂപ വാങ്ങി.

രണ്ടാം ഗഡു: 2025 ഒക്ടോബർ 23-ാം തീയതി പ്രതിയുടെ ഫെഡറൽ ബാങ്ക് ഏനാത്ത് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് (നമ്പർ: 15860200003143) 8,20,000 രൂപയും അയച്ചുനൽകി.

ആകെ 8,50,000 രൂപ വാങ്ങിയിട്ടും ജോലിക്കായി കൊണ്ടുപോകാതിരുന്ന പ്രതികൾ, വ്യാജ വിസയുടെ ചിത്രം വാട്സാപ്പിലൂടെ അയച്ചുനൽകി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് ജോലി ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും, ജോലി വാങ്ങിനൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്യാതെ പ്രതികൾ വഞ്ചിക്കുകയായിരുന്നു. അന്യായ ലാഭം ലക്ഷ്യമിട്ട് പ്രതികൾ പരസ്പരം സഹകരിച്ചാണ് ഈ കുറ്റകൃത്യം നടത്തിയത്.

കേസിൽ ഉൾപ്പെട്ട പ്രതികളെ ഐ.എസ്.ഒ. അമൃത് നായകൻ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജി.എ.എസ്.ഐ. ഗിരിജ, ജി.എസ്.സി.പി.ഒ. പ്രദീപ്, ജി.എസ്.സി.പി.ഒ. രതീഷ് എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്.

വിദേശ ജോലികളുടെ പേരിൽ നടക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.