കാലിഫോർണിയ: ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ. ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡ്യൂവോ' ആണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവന്റിലായിരുന്നു ടെക് ലോകം കാത്തിരുന്ന ആ ചരിത്രപ്രഖ്യാപനം എത്തിയത്. വിപണിയിലുള്ള ആൻഡ്രോയിഡ് ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ഐഫോൺ ഡ്യൂവോ എത്തുന്നത്. മടക്കിവെക്കുമ്പോൾ ഏകദേശം ഒരു പാസ്പോർട്ടിന്റെ വലിപ്പത്തിലാണ് ഐഫോൺ ഡ്യൂവോ എത്തുന്നത്. ആപ്പിളിൻ്റെ പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മെഗാ ലോഞ്ച് ഇവൻ്റിൽ പുതിയ ഐഫോൺ 18 പ്രോ സീരീസിന്റെ വിലയും റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്കായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12ന് ആരംഭിക്കും. ആഗോളതലത്തിലുള്ള വിൽപ്പന സെപ്റ്റംബർ 18 മുതൽ ആരംഭിക്കും.
ആപ്പിൾ പാർക്കിലെ ‘സൺപ്രൈസ് ആൻഡ് ഷൈൻ എന്ന പേരിൽ നടന്ന ചടങ്ങിലാണ് ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ അവതരിപ്പിച്ചത്. കാലിഫോർണിയയിലെ ക്യൂപ്പർട്ടിനോയിൽ നടന്ന ചടങ്ങിന്റെ ആദ്യഭാഗം ആപ്പിൾ സിഇഒ ടിം കുക്ക് അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ സിഇഒയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജോൺ ടെർണസ് ചടങ്ങിൽ പ്രധാന അവതാരകനായി. ആപ്പിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യൂവോവിനൊപ്പമാണ് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ അവതരിപ്പിച്ചത്. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ, ഏറ്റവും പുതിയ A20 Pro ചിപ്പാണ് ഐഫോൺ 18 പ്രോ സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും ശക്തമായ സിലിക്കൺ ചിപ്പാണിതെന്നാണ് ആപ്പിളിന്റെ അവകാശവാദം. iOS 27 ആണ് പുതിയ മോഡലുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
ക്യാമറയിലെ നിരവധി നവീകരണങ്ങൾ, പുതിയ കളർ ഓപ്ഷനുകൾ, ആപ്പിൾ ഇൻ്റലിജൻസിന് കീഴിൽ ലഭ്യമാകുന്ന വിവിധ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകളോടെയാണ് ഐഫോൺ 18 പ്രോ സീരീസ് എത്തുന്നത്. അമേരിക്കൻ വിപണിയിൽ 256GB സ്റ്റോറേജ് വേരിയന്റിന് ഐഫോൺ 18 പ്രോയുടെ വില 1,199 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. 256GB അടിസ്ഥാന വേരിയന്റിലുള്ള ഐഫോൺ 18 പ്രോ മാക്സിന്റെ വില 1,299 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. Burgundy, Glacier, Black, Silver എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ ലഭ്യമാകുക. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.ഐഫോൺ 18 പ്രോ മാക്സിന്റെ പ്രാരംഭ വില 1,79,900 രൂപയാണ്. 256GB, 512GB, 1TB, 2TB എന്നിങ്ങനെ നാല് സ്റ്റോറേജ് ഓപ്ഷനുകളിൽഐഫോൺ 18 പ്രോ. ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ലഭ്യമാകും.